District News
കരുവഞ്ചാൽ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് ആനക്കുഴി റോഡിനു സമീപത്തെ പുൽത്തകിടിയേൽ ജോസിനെയാണ് (81) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. ഭാര്യ മകളുടെ വീട്ടിലേക്കു പോയതിനാൽ ഒറ്റയ്ക്കായിരുന്നു ജോസ് താമസിച്ചിരുന്നത്.
ഉദയഗിരി ലഡാക്ക് താവളം സ്വദേശിയാണ് ജോസ്. 15 വർഷം മുമ്പാണു വായാട്ടുപറമ്പിൽ താമസം തുടങ്ങിയത്. ഭാര്യ: അന്നമ്മ. മക്കൾ: ബിൻസി, ടിൻസി (യുകെ), റിൻസി, സ്റ്റിൽവൻ (കുവൈറ്റ്). മരുമക്കൾ: ജോണി ചുരത്തിൽ (വായാട്ടുപറമ്പ് താവുകുന്ന്), ജോസ് വള്ളിക്കുന്നേൽ (ഓടംതോട്), സിബി പെരുമ്പിൽ (വെള്ളരിക്കുണ്ട്), ജോസി (ഭീമനടി).
ജോസിനെ വീടിനു പുറത്തേക്കു കാണാതെ വന്നതിനെത്തുടർന്ന് സമീപവാസികൾ ബുധനാഴ്ച രാത്രി വീട്ടിലെത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണു ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
വിവരമറിഞ്ഞതിനെത്തുടർന്ന് എസ്ഐമാരായ രാജീവൻ, എൻ.ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്തു കയറി പരിശോധന നടത്തി. മൃതദേഹം ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു.
ഇന്നലെ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലക്കോട് പോലീസ് അറിയിച്ചു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.
National
റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് 13 ദിവസം മുന്പ് കാണാതായ അഞ്ചുവയസുകാരൻ അൻഷ് കുമാറിനെയും നാലുവയസുള്ള സഹോദരി അൻഷികയെയും കണ്ടെത്തി.
പന്ത്രണ്ട് സംസ്ഥാനങ്ങളിലേക്കു നീണ്ട അന്വേഷണത്തിനൊടുവിലാണു കുട്ടികളെ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾ എത്തി കുട്ടികളെ തിരിച്ചറിഞ്ഞുവെന്നും ജാർഖണ്ഡ് പോലീസ് അറിയിച്ചു.
ധുർവ പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗർനാഥ്പുർ മൗസി ബാരിയിൽനിന്നാണ് ഈ മാസം ആദ്യം ഇരുവരെയും കാണാതായത്. സമീപത്തെ കടയിൽ പോയ കുട്ടികൾ അപ്രത്യക്ഷരാവുകയായിരുന്നു.
കുട്ടികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചുവെങ്കിലും നിർണായക വഴിത്തിരിവൊന്നും ആദ്യദിവസങ്ങളിൽ ഉണ്ടായില്ല. അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങളും അയ്യായിരത്തോളം വാഹനങ്ങളുടെ വിശദാംശങ്ങളും സംഘം ഇഴകീറി പരിശോധിച്ചു. ഒട്ടേറെ ആളുകളെ ചോദ്യംചെയ്തു.
ഇതിനിടെ ബുധനാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാംഗഡിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു.
ചിത്താർപുരിൽ ഒരു വീടിനു സമീപം ഇരിക്കുകയായിരുന്നു ഇരുവരും. കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
National
ചെന്നൈ: കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിയായ നന്ദകുമാർ(21)നെ അഞ്ജുവീട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു നന്ദകുമാർ ഉൾപ്പടെ 11 പേരാണ് കോയമ്പത്തൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയത്.
സംഘം കൊടൈക്കനാൽ-വിൽപട്ടി റൂട്ടിൽ സ്ഥിതി ചെയ്യുന്ന അഞ്ജുവീട് വെള്ളച്ചാട്ടം സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥരും, വനം ഉദ്യോഗസ്ഥരും, ഗ്രാമീണരും മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
National
ഭോപാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസം മുന്പ് കാണാതായ യുവതിയുടെ മൃതദേഹം നീല വീപ്പയ്ക്കുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മധ്യപ്രദേശ് ദേവാസ് ജില്ലയിൽനിന്ന് കാണാതായ ലക്ഷിത ചൗധരി-22 യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഗർബ ആഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ സ്ത്രീകൾ ധരിക്കുന്ന വേഷമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഒളിവിലായിരുന്ന യുവതിയുടെ സുഹൃത്ത് മനോജ് ചൗഹാൻ പോലീസിൽ കീഴടങ്ങി. മറ്റൊരാളുമായി അടുപ്പം കാണിച്ചതിനെ തുടർന്ന് ലക്ഷിതയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ മൊഴി നൽകി.
പ്രതിയായ മനോജിന്റെ വീട്ടിൽനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജിൽ പോകാനായി വീട്ടിൽനിന്നും ഇറങ്ങിയ ലക്ഷിത തിരികെ വരാത്തതിനെതുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.